Tuesday, August 15, 2017

സിക്കിമിലൂടെ ഒരു യാത്ര

വേളി കഴിക്കാൻ  രണ്ടാഴ്‌ചത്തെ അവധി ചോദിച്ചപ്പോൾ ആകെ എട്ടു ദിവസം ആണ് തന്നത്. ബന്ധുക്കളെ കാണണോ അതോ എവിടെ എങ്കിലും കറങ്ങാൻ പോകണോ എന്നതായിരുന്നു മനസ്സിൽ പ്രധാനമായി വന്ന ഒരു ചോദ്യം . അപ്പോഴത്തെ ഭാവി വധുവും ഇപ്പോൾ എൻറെ നല്ല പാതിയുമായ ശ്രീജയുമായുള്ള ചർച്ചയ്ക്കു ശേഷം ടൂർ പോകാം എന്ന് തന്നെ തീരുമാനിച്ചു . ആ പതിവ് വെറുതെ തെറ്റിക്കണ്ടല്ലോ . 
എവിടെ പോകണം എന്നുള്ളതായി അടുത്ത ചർച്ച . എവിടെ പോയാലും വയനാട് പോകണം എന്ന് പറയല്ലേ എന്ന് മാത്രമായിരുന്നു ശ്രീജയുടെ ഡിമാൻഡ് . ഷില്ലോങ് , കുളു ,മനാലി തുടങ്ങി ഒരു പിടി സ്ഥലങ്ങൾ ചർച്ചയിൽ വന്നു എങ്കിലും അവസാനം ഞങ്ങൾ സിക്കിം എന്ന സ്ഥലം ആണ് തീരുമാനിച്ചത് . രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം എന്ന അവാർഡ് സിക്കിമിനാണല്ലോ കിട്ടിയത് . അത് വെറുതെ കൊടുത്തതല്ല  എന്ന് പിന്നീട്  ബോധ്യമായി .
ഇനി യാത്രയിലേയ്ക്ക് കടക്കാം . കൊല്ലവർഷം 1192  മീനം 7 (സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ 2017  മാർച്ച്  21 ) ഞങ്ങൾ  സിക്കിമിലേയ്ക്ക് യാത്ര തിരിച്ചു . കൊച്ചിയിൽ നിന്ന് രാവിലെ ആറേമുക്കാൽ  മണിക്കാണ് വിമാനം . ഒൻപതേ മുക്കാൽ  മണിക്ക് ഡൽഹി അവിടുന്ന് വെസ്റ്റ് ബംഗാളിലെ ബാഗ് ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര യിൽ എത്തി . ഇനി ഈ വിമാന ടിക്കറ്റ് കിട്ടിയതിനു  പിന്നിൽ അല്പം രസകരമായ ഒരു കഥ ഉണ്ട് . ആദ്യം ബുക്ക് ചെയ്തത് കൊച്ചി - കൊൽക്കത്ത - ബാഗ്ദോഗ്ര എന്നായിരുന്നു . എന്നാൽ ആ വിമാനം അവർ ക്യാൻസൽ ചെയ്തു . അഞ്ചു ദിവസം മെയ്ക് മൈ ട്രിപ്പിൾ വിളിച്ചു ചീത്ത പറഞ്ഞിട്ടാണ് ഇ ടിക്കറ്റ് അവർ  തന്നത് . ഒരാഴ്ച മുൻപത്തെ ടിക്കറ്റ് മാത്രമാണ് അവൈലബിൾ എന്നാണ് അവർ പറഞ്ഞത് . കല്യാണം കഴിക്കാതെ ഹണിമൂൺ പോകാൻ പറ്റില്ല എന്ന് ഞാനും പറഞ്ഞു . ( കല്യാണം മീനം 4  അഥവാ മാർച്ച് 18  നു ആരുന്നു ).അല്ലെങ്കിൽ ഒരാഴ്ച കഴിയണം . തിരിച്ചു ഓഫീസിൽ കയറിയാൽ പിന്നെ ഒരു കൊല്ലത്തേക്ക് ഒരു മധുവിധു യാത്ര പോലും പ്രതീക്ഷിക്കണ്ട . അവസാനം എന്റെ സങ്കടം കണ്ടു അവർ ഈ രണ്ടു ടിക്കറ്റ് തന്നു .

പതിവുപോലെ ചെക്ക് ഇൻ ടൈമിന് അഞ്ചു മിനിറ്റു മുൻപ് ഓടി അവസാനത്തെ ആളായി ചെക്ക് ഇൻ ചെയ്തു . പിന്നെ എല്ലാം സാധാരണ സംഭവിക്കുന്ന പോലെ . വിമാനത്തിന്റെ സമയം ആയപ്പോൾ അന്നൗൺസ്‌മെന്റ് വന്നു . ടിക്കറ്റ് കാണിച്ചു വിമാനത്തിൽ കയറി സീറ്റിൽ ഇരുന്നു . ഒരു പെൺകൊച്ചു വന്നു ആംഗ്യ ഭാഷയിൽ സീറ്റ് ബെൽറ്റ് ഇടേണ്ടത് എങ്ങനെ എന്നും കടലിൽ മുങ്ങിപോയാൽ എന്ത് ചെയ്യണം എന്നുമൊക്കെ കാണിച്ചു തന്നു . അന്നൗൺസ്‌മെന്റ് പുറകിൽ നിന്ന് ആരോ ചെയ്യുന്നുണ്ടാരുന്നു . കൊച്ചിയിൽ നിന്ന് ഡൽഹി . അവിടുന്ന് ബാഗ്ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര വിമാനത്താവളത്തിന് പുറത്തിറങ്ങി. ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ശ്രീജ . ആ സന്തോഷം സെൽഫി എടുത്തു പ്രകടമാക്കി . 


ഗുജറാത്തിൽ എന്റെ ഒപ്പം പഠിച്ച ഹാർദിക്, ചിത്ര , ഗാഥാ എന്നിവർ  നേരത്തെ തന്നെ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങ്ൾ ചെയ്തു തന്നിരുന്നു . ഗ്യാസുങ് ലചുങ്പ എന്ന ഒരു സിക്കിമിസ്  ചേട്ടൻ ആണ് ഞങ്ങളുടെ കോൺടാക്ട്  പേഴ്സൺ . അദ്ദേഹം പറഞ്ഞത് അനുസരിച്ചുള്ള വണ്ടി വിമാനത്താവളത്തിൽ ഞങ്ങളെ കാത്തു  കിടപ്പുണ്ടായിരുന്നു . മനോഹരമായ ഒരു കാട്ടു പാതയിലൂടെ വണ്ടി കുതിച്ചു പാഞ്ഞു ഒടുവിൽ വൈകിട്ട് ഏഴു മണിയോടെ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ എത്തിച്ചേർന്നു . ഒരു കൊച്ചു നഗരം . ജനസംഖ്യ കുറവാണു എങ്കിലും റോഡുകൾ ചെറുതായതിനാൽ വാഹനങ്ങൾ എല്ലാം തന്നെ ബ്ലോക്കിൽ പെട്ട് കിടക്കുന്നു . ഞങ്ങളുടെ ഡ്രൈവർ അദ്ദേഹത്തിന്റെ കഴിവുകൾ മുഴുവൻ പ്രദർശിപ്പിച്ചു ആ ട്രാഫിക് ജാമിലൂടെ വണ്ടി ഓടിച്ചു ഞങ്ങളെ ഹോട്ടലിൽ എത്തിച്ചു .

നഗരത്തിലെ ഹോട്ടലുകൾ എല്ലാം തന്നെ മനോഹരം ആണ് . ഒരു പക്ഷെ സഞ്ചാരികളെ മാത്രം ഉദ്ദേശിച്ചു പണിതിട്ടുള്ളതാണ് അവിടുത്തെ കടകൾ എല്ലാം തന്നെ എന്ന് .പറയാം . സാമാന്യം നല്ല തണുപ്പുണ്ട് എന്നാണ് ശ്രീജ അവകാശപ്പെട്ടത് .  ഞാനും സമ്മതിച്ചു കൊടുത്തു . ( വെറുതെ എന്തിനാ വഴക്കു ഉണ്ടാക്കുന്നത് ). ആനന്ദിൽ നിന്ന് കേരളത്തിലേയ്ക്കു വന്ന ശേഷം ആദ്യമായിട്ട് അല്പം തണുപ്പ്  കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ . ഒരു ഏഴു എട്ടു ഡിഗ്രി ചൂട് ഉണ്ട് . ഹോട്ടലിൽ കയറിയ പാടെ ഒരു വല്യ ഷാൾ ഒക്കെ ഇട്ടു  വെൽക്കം ടു സിക്കിം എന്ന് പറഞ്ഞു ഞങ്ങളെ മുറിയിലേയ്ക്കു കൊണ്ട് പോയി . അല്പം സമയത്തിന് ശേഷം ലചുങ്പ എത്തി . ഒറ്റ നോട്ടത്തിൽ ഒരു ചീനക്കാരൻ    ആണെന്നെ പറയു . പക്ഷെ ആള് ഭാരതീയൻ ആണ് ട്ടാ . അടുത്ത മൂന്ന് ദിവസത്തെ പ്ലാനുകൾ എല്ലാം അദ്ദേഹം പറഞ്ഞു തന്നു . പിറ്റേന്ന് രാവിലെ ലാചുങ് പോകും . അവിടുന്ന് യുംതാങ് വാലി . തിരിച്ചു എത്തിയ ശേഷം നാഥുല പാസ് പിന്നെ ഫോടോങ് മൊണാസ്റ്ററി എല്ലാം കഴിഞ്ഞു നാലാം ദിവസം രാവിലെ തിരിച്ചുള്ള യാത്ര ഇതാണ്  പ്ലാൻ . രാവിലെ എട്ടു മണിക്ക് റെഡി ആകണം എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി.

എത്തിയതിന്റെ ആവേശത്തിൽ അന്നേരം തന്നെ ഗാങ്ടോക്ക് കാണാൻ ഞങ്ങൾ പുറത്തു ഇറങ്ങി നടന്നു . പക്ഷെ ഒട്ടും തണുപ്പ് ഇല്ലാത്തതിനാൽ പുറത്തേയ്ക്കു ഇറങ്ങിയ അതെ വേഗത്തിൽ തിരിച്ചു ഹോട്ടലിൽ കയറി .  അതിനിടയ്ക്ക് ഹോട്ടലിനു മുൻപിലുള്ള ബുദ്ധന്റെ പ്രതിമയുടെ അടുത്ത് നിന്ന് അല്പം നിശ്ചല ദൃശ്യങ്ങൾ പകർത്തി . 


മുറിയുടെ ഒരു വശം മുഴുവൻ ജനൽ ആണ് . ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാൽ മനോഹരമായ മലനിരകൾ കാണാം .ആ മലയടുക്കുകളിൽ    ബുദ്ധ മത വിശ്വാസപ്രകാരം മന്ത്രങ്ങൾ എഴുതിയിരിക്കുന്ന കൊടികൾ പാറി പറക്കുന്നു  .ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കാണുന്ന  പോലെ ഉള്ള നല്ല കിടിലൻ കാഴ്ചകൾ . അല്പസമയം ആ ജനലിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിച്ച ശേഷം രാവിലെ ഈ തണുപ്പത്തു എങ്ങനെ എഴുന്നേൽക്കും എന്ന സങ്കടത്തോടെ ഉറങ്ങാൻ .കിടന്നു.

ലചുങ്ങിലെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ പറയാം . അല്പം സമയം ക്ഷമയോടെ കാത്തിരിക്കുക ...





1 comment: